ബ്രസല്‍സ്: ഇറാന്റെ അർധസൈനിക വിഭാഗമായ റവല്യൂഷനറി ഗാർഡിനെ ഭീകരസംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി യൂറോപ്യൻ യൂണിയൻ (ഇയു). ഇറാനിൽ അടുത്തിടെ നടന്ന രാജ്യവ്യാപക പ്രതിഷേധങ്ങളെ റവല്യൂഷനറി ഗാർഡിനെ ഉപയോഗിച്ച് ഇറാനിയൻ സർക്കാർ നടത്തിയ അടിച്ചമർത്തലിനു പിന്നാലെയാണ് നടപടി. അൽ ഖ്വയിദ, ഐഎസ്, ഹമാസ് തുടങ്ങിയ ഭീകരസംഘടനകളുടെ പട്ടികയിലാണ് റവല്യൂഷനറി ഗാർഡിനെയും ഉൾപ്പെടുത്തിയത്.
യൂറോപ്യൻ യൂണിയനിലെ വിദേശകാര്യ മന്ത്രിമാർ ഐകകണ്ഠ്യേന ഈ തീരുമാനത്തിന് അംഗീകാരം നൽകിയെന്ന് യൂറോപ്യൻ കമ്മിഷൻ വൈസ് പ്രസിഡന്റും ഇയു വിദേശനയ വിഭാഗം അധ്യക്ഷയുമായ കായ കാലസ് അറിയിച്ചു.